പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് സിപിഎം ഒരുക്കം തുടങ്ങി

sennews
0

 
കോട്ടയം: പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിന് പാര്‍ട്ടി സംഘടനാ സംവിധാനത്തെ സജ്ജമാക്കി സിപിഎം. ഇതിന്റെ ഭാഗമായി പഞ്ചായത്തുകളുടെ ചുമതല സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് വീതിച്ച് നല്‍കി. ജെയ്ക് സി തോമസ് തന്നെ സ്ഥാനാര്‍ത്ഥിയായേക്കുമെന്ന സൂചനകളോടെയാണ് ഉപതെരഞ്ഞെടുപ്പ് ഒരുക്കങ്ങള്‍ നടക്കുന്നത്. അധികം വൈകാതെ തെരഞ്ഞെടുപ്പ് നടക്കുമെന്ന വിലയിരുത്തലിലാണ് സിപിഎമ്മുള്ളത്.

താഴെ തട്ടുമുതല്‍ പാര്‍ട്ടി സംവിധാനത്തെ സജ്ജമാക്കിയാണ് മുന്നൊരുക്കങ്ങള്‍. എട്ട് പഞ്ചായത്തുകളില്‍ ആറിലും ഭരണം ഇടതുമുന്നണിക്കാണ്. സഹതാപ തരംഗത്തിനിടക്കും രാഷ്ട്രീയമായി അത്ര മോശമല്ല പുതുപ്പള്ളിയെന്ന പൊതു വികാരത്തില്‍ ഊന്നിയാണ് സിപിഎമ്മിന്റെ പ്രവര്‍ത്തനം. സംഘടനാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായാണ് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗങ്ങള്‍ക്ക് പഞ്ചായത്തുകളുടെ ചുമതല തുടക്കത്തിലേ വീതിച്ച് നല്‍കുന്നത്.

സംസ്ഥാന സമിതി അംഗങ്ങള്‍ക്കും പ്രത്യേക ചുമതല നല്‍കി മണ്ഡലത്തില്‍ പ്രവര്‍ത്തിക്കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സെക്രട്ടേറിയറ്റ് അംഗം പി കെ ബിജുവിന് വാകത്താനം പഞ്ചായത്തും കെ കെ ജയചന്ദ്രന് പാമ്പാടി, മീനടം പഞ്ചായത്തുകളുടെ ചുമതലയുമാണ് നല്‍കിയത്. സംസ്ഥാന കമ്മിറ്റിയിലെ പ്രത്യേക ക്ഷണിതാവ് കെ.ജെ.തോമസ് അകലക്കുന്നം, അയര്‍കുന്നം പഞ്ചായത്തുകള്‍ കേന്ദ്രീകരിക്കും.

സംസ്ഥാന കമ്മിറ്റി അംഗം കെ അനില്‍കുമാറിന് മണര്‍കാട്, പുതുപ്പള്ളി പഞ്ചായത്തുകളും എവി റസലിന് കൂരോപ്പട പഞ്ചായത്തിന്റെയും ചുമതല നല്‍കി. അടുത്ത ആഴ്ച സിപിഎ സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനും പുതുപ്പള്ളിയിലെത്തുന്നുണ്ട്. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലായി ഉമ്മന്‍ചാണ്ടിയുടെ ഭൂരിപക്ഷം കുത്തനെ കുറയ്ക്കാന്‍ ജെയ്ക് സി തോമസിന് കഴിഞ്ഞിരുന്നു. ഉപതെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ആദ്യ പരിഗണനയിലുള്ള ജെയ്ക്കിനോട് മണര്‍കാട് കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കാനാണ് പാര്‍ട്ടി നിര്‍ദ്ദേശിച്ചിരിക്കുന്നത്.



Post a Comment

0Comments
Post a Comment (0)

#buttons=(Accept !) #days=(20)

Our website uses cookies to enhance your experience. Learn More
Accept !
To Top