സംസ്ഥാനത്തെ അതിഥി തൊഴിലാളിക്യാമ്പുകളില്‍ വ്യപക പരിശോധനയുമായി തൊഴില്‍ വകുപ്പ്
August 02, 2023
0
തിരുവനന്തപുരം. അതിഥിതൊഴിലാളികള്‍ തിങ്ങിപ്പാര്‍ക്കുന്ന ലേബര്‍ ക്യാമ്പുകളിലും താമസസ്ഥലങ്ങളിലും നിര്‍മ്മാണ സ്ഥലങ്ങളിലും സംസ്ഥാനവ്യാപകമായി തൊഴില്‍ വകുപ്പ് പരിശോധന നടത്തി. സംസ്ഥാനത്തൊട്ടാകെ 142 കേന്ദ്രങ്ങളിലാണ്് ജില്ലാ ലേബര്‍ ഓഫീസര്‍മാരും അതത്് അസി ലേബര്‍ ഓഫീസര്‍മാരും ഉള്‍പ്പെട്ട ടീം പരിശോധന നടത്തിയത്. സംസ്ഥാനത്തെ എല്ലാ ലേബര്‍ ക്യാമ്പുകളും പരിശോധിച്ച്് പ്രവര്‍ത്തനം തൃപ്തികരവും പരാതിരഹിതവുമാണെന്ന് ഉറപ്പുവരുത്തണമെന്ന തൊഴില്‍ മന്ത്രി വി ശിവന്‍കുട്ടിയുടെ അടിയന്തിര നിര്‍ദ്ദേശത്തെ തുടര്‍ന്നാണ് പരിശോധന.
കരാര്‍ തൊഴിലാളി നിയമം, ഇതരസംസ്ഥാനതൊഴിലാളി നിയമം, ബില്‍ഡിംഗ് ആന്റ് അദര്‍ കണ്‍സ്ട്രക്ഷന്‍ വര്‍ക്കേഴ്‌സ് ആക്ട് എന്നിവ പ്രകാരം നടത്തിയ പരിശോധനയില്‍ ലൈസന്‍സില്ലാതെയും രജിസ്‌ട്രേഷനില്ലാതെയുമുള്ള പ്രവര്‍ത്തനങ്ങള്‍,കൃത്യമായ രജിസ്റ്ററുകള്‍ സൂക്ഷിക്കാത്ത സാഹചര്യം, വേണ്ടത്ര സുരക്ഷാ സംവിധാനങ്ങളുടെ അഭാവം എന്നിവയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ തൊഴിലാളികളെ പാര്‍പ്പിച്ചിരിക്കുന്നതുമായ നിയമലംഘനങ്ങളാണ് കണ്ടെത്തിയത്്. നിയമലംഘനങ്ങള്‍ അടിയന്തിരമായി പരിഹരിക്കുന്നതിന് നോട്ടീസ് നല്‍കുകയും വൃത്തിഹീനമായ സാഹചര്യങ്ങളില്‍ താമസിക്കുന്ന തൊഴിലാളികളെ മാറ്റിപാര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു. ഈ 142 ക്യാമ്പുകളിലും വര്‍ക്ക് സൈറ്റുകളിലുമായി 3963 അതിഥിതൊഴിലാളികള്‍ ജോലി ചെയ്യുന്നതായും കണ്ടെത്തി. അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്‍ സംബന്ധിച്ച ബോധവത്കരണ പ്രവര്‍ത്തനങ്ങളും പരിശോധനയുടെ ഭാഗമായി നടത്തിവരികയാണ്.
അതിഥിതൊഴിലാളികള്‍ക്കിടയിലെ ലഹരി ഉപഭോഗം, ക്രമിനല്‍ പശ്ചാത്തലം എന്നിവ കണ്ടെത്തുക , പകര്‍ച്ചവ്യാധി സാധ്യതകള്‍ വിലയിരുത്തുക, അതിഥി പോര്‍ട്ടല്‍ രജിസ്‌ട്രേഷന്റെ ആവശ്യകത ബന്ധപ്പെട്ടവരിലെത്തിക്കുക, നിര്‍മ്മാണ സ്ഥലങ്ങളില്‍ ഇതരസംസ്ഥാനതൊഴിലാളി നിയമപ്രകാരമുള്ള രജിസ്‌ട്രേഷന്‍ ,ലൈസന്‍സ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ടോ എന്ന് ഉറപ്പുവരുത്തുക എന്നതാണ് പരിശോധനയുടെ ലക്ഷ്യം. ലഹരി ഉപഭോഗം, ക്രിമിനല്‍ പശ്ചാത്തലം എന്നിവ ശ്രദ്ധയില്‍ പെട്ടാല്‍ പൊലീസ്് എക്‌സൈസ് വകുപ്പുകളുമായി ചേര്‍ന്ന് കര്‍ശന നടപടി സ്വീകരിക്കുന്നതിനും മന്ത്രി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. പൊലീസ് എക്‌സൈസ്് തദ്ദേശ സ്വയംഭരണ വകുപ്പുകളുമായി സഹകരിച്ച്
വരും ദിവസങ്ങളിലും തൊഴില്‍ വകുപ്പിന്റെ നേതൃത്വത്തിലുള്ള പരിശോധനകള്‍ തുടരും.