കൊച്ചി.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി ദുര്‍വിനിയോഗം ചെയ്‌തെന്ന പരാതി, ലോകായുക്ത ഡിവിഷന്‍ ബെഞ്ച് മൂന്നംഗ ബെഞ്ചിനു വിട്ടതു ശരിവച്ച മുന്‍ ഉത്തരവു പുനഃപരിശോധിക്കാന്‍ ഹൈക്കോടതി വിസമ്മതിച്ചു. ലോകായുക്തയിലെ പരാതിക്കാരനായ തിരുവനന്തപുരം നേമം സ്വദേശി ആര്‍.എസ്. ശശികുമാര്‍ നല്‍കിയ റിവ്യൂ ഹര്‍ജി ചീഫ് ജസ്റ്റിസ് ആശിഷ് ജെ. ദേശായി, ജസ്റ്റിസ് വി.ജി. അരുണ്‍ എന്നിവരുള്‍പ്പെട്ട ഡിവിഷന്‍ ബെഞ്ച് തള്ളി
കേസ് ഫുള്‍ ബെഞ്ചിന് വിട്ടതിനെതിരെയാണ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നത്. എല്ലാ കക്ഷികള്‍ക്കും ലോകായുക്തയ്ക്ക് മുന്നില്‍ വാദം അവതരിപ്പിക്കാന്‍ അവസരമുണ്ടെന്ന് കോടതി വ്യക്തമാക്കി. ഹര്‍ജിയില്‍ ഇടപെടാന്‍ മതിയായ കാരണങ്ങളില്ലെന്ന് കോടതി വിലയിരുത്തിയിരുന്നു. ദുരിതാശ്വാസ നിധിയില്‍നിന്ന് അനര്‍ഹര്‍ക്ക് പണം നല്‍കിയെന്ന് ആരോപിച്ച് മുഖ്യമന്ത്രിക്കും മന്ത്രിമാര്‍ക്കുമെതിരെയാണ് പരാതി. പരാതി വിശദമായി പരിഗണിക്കാന്‍ ഫുള്‍ ബെഞ്ചിലേക്ക് വിട്ടുകൊണ്ടായിരുന്നു ലോകായുക്ത രണ്ടംഗ ബെഞ്ചിന്റെ ഉത്തരവ്.