ഫോട്ടോ: ഐശ്വര്യ (28)
പാലക്കാട്.ആള്‍മറയില്ലാത്ത കിണറ്റില്‍ അമ്മയും മക്കളും മരിച്ച നിലയില്‍ കണ്ടെത്തി. എരിമയൂര്‍ ഗ്രാമപഞ്ചായത്തിലെ മലക്കുളം കീഴ്പാടത്തെ പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്.നെന്മാറ കുമരംപുത്തൂര്‍ സ്വദേശിയായ രഞ്ജിത്തിന്റെ ഭാര്യ ഐശ്വര്യ(28),മക്കളായ അനുഗ്രഹ(രണ്ട്), ആരോമല്‍(10 മാസം) എന്നിവരെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം.കുമരംപുത്തൂരിലെ ഭര്‍ത്തൃവീട്ടില്‍ നിന്ന് ചൊവ്വാഴ്ച്ച 11.30 ഓടെയാണ് ഭര്‍ത്തൃപിതാവ് വിജയകുമാരനോടൊപ്പം മലക്കുളം കീഴ്പ്പാടം ദേവസ്വം കുളമ്പിലെ ഐശ്വര്യയുടെ മക്കളോടൊപ്പം കീഴ്പ്പാടത്തെ വീട്ടിലെത്തിയത്. വീട്ടിലെത്തിയ ശേഷം ഭര്‍ത്താവ് രഞ്ജിത്ത് നിരന്തരം വിളിച്ചുവെങ്കിലും ഫോണ്‍ എടുത്തില്ല. ഇതേ തുടര്‍ന്ന് ഭര്‍ത്താവ് മലക്കുളത്തെ വീട്ടിലെത്തി. ഇതിനിടെ പാടത്തിനോട് ചേര്‍ന്നുള്ള കിണറ്റില്‍ നിന്ന് ഐശ്വര്യയുടെ മൃതദേഹം കണ്ടെത്തി. ഉടന്‍ തന്നെ പ്രദേശവാസികള്‍ ചേര്‍ന്ന് ആലത്തൂര്‍ താലൂക്കാശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരിച്ചു. പിന്നീട് മക്കള്‍ക്കായി വീട്ടില്‍ തിരിച്ചില്‍ നടത്തിയെങ്കിലും കണ്ടെത്താത്തതിനെ തുടര്‍ന്ന് ആലത്തൂരില്‍ നിന്ന് അഗ്‌നി രക്ഷാസേനയെത്തി കിണറില്‍ തിരച്ചില്‍ നടത്തി. ഒരു മണിക്കൂര്‍ തിരച്ചിലിനൊ ടുവിലാണ് രണ്ടു മക്കളുടേയും മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മൃതദേഹം ആലത്തൂര്‍ താലൂക്കാശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ഐശ്വര്യയുടെ അമ്മ പുഷ്പലത. സംഭവത്തില്‍ ആലത്തൂര്‍ പോലീസ് ആത്മഹത്യയ്ക്ക് കേസെടുത്തു.