കൊച്ചി.അട്ടപ്പാടി മധു വധക്കേസില്‍ മധുവിന്റെ അമ്മ നിര്‍ദേശിക്കുന്ന മുതിര്‍ന്ന അഭിഭാഷകരില്‍ ആരെ വേണമെങ്കിലും സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറാക്കുന്നത് പരിഗണിക്കാമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. മധു വധക്കേസില്‍ വിചാരണക്കോടതി വിധിക്കെതിരായ അപ്പീലില്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കണമെന്ന് ആവശ്യപ്പെട്ട് അമ്മ നല്‍കിയ ഹര്‍ജി പരിഗണിക്കുമ്പോഴാണ് സര്‍ക്കാര്‍ നിലപാട് അറിയിച്ചത്.
നിലവില്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും അഡീഷണല്‍ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനുമാണ് അപ്പീല്‍ ഹര്‍ജിയില്‍ സര്‍ക്കാരിനുവേണ്ടി ഹാജരാകുന്നത്. ഇവരെക്കാള്‍ താരതമ്യേന ജൂനിയറായ മറ്റൊരു അഭിഭാഷകനെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി നിയമിക്കണമെന്നായിരുന്നു ഹര്‍ജിക്കാരിയുടെ ആവശ്യം. എന്നാല്‍, കോളിളക്കം സൃഷ്ടിച്ച കേസിന്റെ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി ജൂനിയര്‍ അഭിഭാഷകനെ നിയമിക്കാനാകില്ലെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി. കേസ് കൈകാര്യം ചെയ്യുന്ന ഡിജിപിയും എഡിജിപിയും മുതിര്‍ന്ന അഭിഭാഷകരാണ്. അതിനാല്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറായി മുതിര്‍ന്ന അഭിഭാഷകരെ നിര്‍ദേശിച്ചാല്‍ പരിഗണിക്കാമെന്നും സര്‍ക്കാര്‍ അറിയിച്ചു. തുടര്‍ന്ന് ഹര്‍ജി 21ന് പരിഗണിക്കാന്‍ മാറ്റി.
മധു വധക്കേസ്: അമ്മ നിര്‍ദേശിക്കുന്ന മുതിര്‍ന്ന അഭിഭാഷകനെ പ്രോസിക്യൂട്ടറാക്കാമെന്ന് സര്‍ക്കാര്‍
August 18, 2023
0